‘അദ്ധ്യാത്മഭാരതി’ ശ്രീ കെ. ചിന്നമ്മ- കേരളത്തിന്‍റെ അഗതിമാതാവ്
മൈത്രേയിയും ഗാര്‍ഗ്ഗിയും സീതയും സാവിത്രിയും തുടങ്ങി അനേകം മഹിളാരത്നങ്ങള്‍ വിജയവൈജയന്തികളായ ഭാരതഭൂവിന്‍റെ തെക്കേ അറ്റത്ത് ആ സംസ്കാരത്തിന്റെ മഹിമയെ സ്വപ്രവൃത്തിയിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത ഒരു മഹതിയാണ് അദ്ധ്യാത്മഭാരതിയെന്നും അഗതിമാതാവെന്നും അറിയപ്പെട്ടെ ശ്രീമതി കെ. ചിന്നമ്മ. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ശിഷ്യയായിരുന്ന ആ പുണ്യവതിയുടെ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ്റിങ്ങല്‍ ഇടവാമഠംവീട്ടില്‍ കല്യാണിയമ്മയുടെയും വേലായുന്‍പിള്ളയുടെയും മകളായി 1058ാമാണ്ട് ധനുമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ശ്രീ ചിന്നമ്മ ഭൂജാതയായത്. ഒരു സാധാരണ കൃഷീവലകുടുംബമായിരുന്നു അത്. ആ ശിശുവിനെ വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കത്തക്ക ചുറ്റുപാടൊന്നും ആ കുടുംബത്തിനില്ലായിരുന്നു. എങ്കിലും, പൂര്‍വ്വപുണ്യപരിപാകത്താല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വന്നുചേരുകതന്നെ ചെയ്തു. അന്ന് ഇടവാമഠത്തിലെ ഒരംഗമായ ജാനകിയമ്മ അവര്‍ക്കു സന്താനമില്ലാതിരുന്നതിനാല്‍, ശ്രീ ചിന്നമ്മയെ പുത്രിയായി സ്വീകരിച്ച് തിരുവനന്തപുരത്തേക്കുകൊണ്ടുപോകുകയാണ് ചെയ്തത്. ഭാഗ്യവതിയായ ചിന്നമ്മ ശ്രദ്ധയോടും താല്പര്യത്തോടുംകൂടി വിദ്യാഭ്യാസരംഗത്തു പ്രവേശിച്...