‘അദ്ധ്യാത്മഭാരതി’ ശ്രീ കെ. ചിന്നമ്മ- കേരളത്തിന്‍റെ അഗതിമാതാവ്

മൈത്രേയിയും ഗാര്‍ഗ്ഗിയും സീതയും സാവിത്രിയും തുടങ്ങി അനേകം മഹിളാരത്നങ്ങള്‍ വിജയവൈജയന്തികളായ ഭാരതഭൂവിന്‍റെ തെക്കേ അറ്റത്ത് ആ സംസ്കാരത്തിന്റെ മഹിമയെ സ്വപ്രവൃത്തിയിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത ഒരു മഹതിയാണ് അദ്ധ്യാത്മഭാരതിയെന്നും അഗതിമാതാവെന്നും അറിയപ്പെട്ടെ ശ്രീമതി കെ. ചിന്നമ്മ. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ശിഷ്യയായിരുന്ന ആ പുണ്യവതിയുടെ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ്റിങ്ങല്‍ ഇടവാമഠംവീട്ടില്‍ കല്യാണിയമ്മയുടെയും വേലായുന്‍പിള്ളയുടെയും മകളായി 1058ാമാണ്ട് ധനുമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ശ്രീ ചിന്നമ്മ ഭൂജാതയായത്. ഒരു സാധാരണ കൃഷീവലകുടുംബമായിരുന്നു അത്. ആ ശിശുവിനെ വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കത്തക്ക ചുറ്റുപാടൊന്നും ആ കുടുംബത്തിനില്ലായിരുന്നു. എങ്കിലും, പൂര്‍വ്വപുണ്യപരിപാകത്താല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വന്നുചേരുകതന്നെ ചെയ്തു. അന്ന് ഇടവാമഠത്തിലെ ഒരംഗമായ ജാനകിയമ്മ അവര്‍ക്കു സന്താനമില്ലാതിരുന്നതിനാല്‍, ശ്രീ ചിന്നമ്മയെ പുത്രിയായി സ്വീകരിച്ച് തിരുവനന്തപുരത്തേക്കുകൊണ്ടുപോകുകയാണ് ചെയ്തത്. ഭാഗ്യവതിയായ ചിന്നമ്മ ശ്രദ്ധയോടും താല്പര്യത്തോടുംകൂടി വിദ്യാഭ്യാസരംഗത്തു പ്രവേശിച്ചു. അന്ന് തിരുവിതാംകൂറില്‍ സ്ത്രീവിദ്യാഭ്യാസത്തിനു പറയത്തക്ക പ്രാധാന്യമൊന്നുമില്ലായിരുന്നു. അതിനാല്‍,രാജര്‍ഷിയായ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് സ്ത്രീ വിദ്യാഭ്യാസപ്രചരണത്തിനു വേണ്ടി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. വിദ്യാര്‍ത്ഥിനികളുടെ വിദ്യാലയങ്ങളെ ഭരിക്കാന്‍ അന്നത്തെ ഇന്‍സ്‌പെക്ട്രസ്സായിരുന്ന മിസ് ''ക്യാരിറ്റ്'' ന്‍റെ കീഴില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ട്രസ്സായി ശ്രീ ചിന്നമ്മ കോട്ടയത്തേക്കു നിയമിക്കപ്പെട്ടു. അത് 1084ാമാണ്ടായിരുന്നു. സര്‍വകലാശാലാവിദ്യാഭ്യാസകാലത്തുതന്നെ ശ്രീ ചിന്നമ്മ വിവാഹിതയായി സുപ്രസിദ്ധനായ ശ്രീ സി.വി. രാമന്‍പിള്ളയുടെ സഹോദരപുത്രനായ ശ്രീ കുമാരപിള്ളയാണ് ആ മഹതിയെ പാണിഗ്രഹണം ചെയ്തത്. അദ്ദേഹവും കുട്ടികളും ഒരുമിച്ച് ശ്രീ ചിന്നമ്മ കോട്ടയത്തുവന്നു താമസമായി. അന്ന്, പതിനൊന്നു താലൂക്കുകളടങ്ങിയ ഒരു ഡിസ്ട്രിക്ടാണ് ശ്രീ ചിന്നമ്മയുടെ ഭരണത്തിലുണ്ടായിരുന്നത്. തന്‍റെ ജോലി സ്തുത്യര്‍ഹമാംവണ്ണം ആ മഹതി നിര്‍വഹിച്ചുകൊണ്ടിരുന്നു. സാധുസേവയിലും പരോപകാരത്തിലും നൈസര്‍ഗ്ഗികമായ ഒരു ശ്രദ്ധ ആ മഹതിയില്‍ രൂഢമൂലമായിട്ടുണ്ടായിരുന്നു. ചെറുപ്പത്തിലെ ക്ലേശഭൂയിഷ്ഠമായ ജീവിതത്തില്‍പോലും ഈശ്വരവിശ്വാസമാണ് അവര്‍ക്ക് ആശ്വാസവും ധൈര്യവും നല്കിയത്. ഈശ്വരസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ക്കൊള്ളാമെന്നുള്ള ഒരു നേരിയ ചിന്ത ആ ഹൃദയത്തില്‍ നിഴലിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളെ ചിറക്കടവില്‍വച്ചു യാദൃച്ഛികമായി കാണാനിടയായത്. സ്വാമിജിയുമായുള്ള പരിചയം ശ്രീമതി ചിന്നമ്മയുടെ ജീവിതത്തിനു ഒരു വലിയ പരിവര്‍ത്തനമുണ്ടാക്കി. ചെറുപ്പംമുതലേ മത്സ്യമാംസാഹാരങ്ങളില്‍ വളരെ താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്ന ശ്രീ ചിന്നമ്മ അവയെല്ലാം ഉപേക്ഷിച്ച് ഒരു സാത്വികചര്യ അവലംബിച്ചു. ധാര്‍മ്മികവും സാമുദായികവുമായ, സ്വാമിജിയുടെ ആശയവിശേഷങ്ങള്‍, ശ്രീ ചിന്നമ്മയെ സവിശേഷം ആകര്‍ഷിച്ചു. ക്രമേണ, സ്വാമിജി ദിവ്യനായ ഒരു യതീശ്വരനാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ആ സുകൃതിനി അദ്ദേഹത്തിന്‍റെ ഒരു യഥാര്‍ത്ഥശിഷ്യയായിത്തീര്‍ന്നു. അകമേ ബ്രഹ്മനിഷ്ഠയേയും പുറമേ കര്‍മ്മനിഷ്ഠയേയും ഉപദേശിക്കുന്ന ഗീതയുടെ യഥാര്‍ത്ഥസാരം സ്വാമിജിയില്‍നിന്ന് ശ്രീ ചിന്നമ്മയ്ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഗീത, ആ മാതാവിനെ ത്യാഗത്തിന്‍റെയും സേവനത്തിന്‍റെറയും ഒരു മൂര്‍ത്തിമദ്ഭാവമാക്കിത്തീര്‍ത്തു. കര്‍മ്മയോഗസിദ്ധാന്തമനുസരിച്ചുള്ള ത്യാഗസേവാദര്‍ശങ്ങളെ പുരസ്‌കരിച്ച് സമുദായത്തിനും (വിശിഷ്യ സ്ത്രീസമുദായത്തിനും) മതത്തിനും രാജ്യത്തിനുംവേണ്ടി വേലചെയ്യണമെന്ന തന്‍റെ ആദ്ധ്യാത്മിക ഗുരുദേവന്‍റെ ആജ്ഞ ആ പുണ്യവതി ശിരസ്സാവഹിച്ചു. ആദ്ധ്യാത്മികവും മാനസികവും കായികവുമായ ശക്തികള്‍ വര്‍ദ്ധിക്കത്തക്കവണ്ണമുള്ള സ്വാമിജിയുടെ വാത്സല്യപൂര്‍വ്വമായ ഏതാദൃശോപദേശങ്ങള്‍കൊണ്ട് പ്രബുദ്ധമതിയും ത്യാഗസ്വരൂപിണിയുമായിത്തീര്‍ന്ന ഒരു യഥാര്‍ത്ഥഹിന്ദുവനിത അതേ അദ്ധ്യാത്മഭാരതി കെ. ചിന്നമ്മ അവര്‍കളാണ്, സ്ത്രീസമുദായത്തിന്‍റെ അവശതകളെ പരിഹരിച്ച് അതിനെ സാമൂഹ്യവും മതപരവുമായ ശ്രേയോമാര്‍ഗ്ഗത്തിലേയ്ക്കു തിരിക്കാന്‍ കേരളക്കരയില്‍ ആദ്യമായി രംഗപ്രവേശം ചെയതത്. ആ ശ്രീമതിയുടെ ഗവണ്മെന്റുദ്യോഗംതന്നെ സ്ത്രീസമുദായസേവനത്തിനു പറ്റിയ ഒന്നായിരുന്നു. പക്ഷേ, അന്നത്തെ കേരളസ്ത്രീകളെ വിശിഷ്യ, ഹിന്ദുസ്ത്രീകളെ വിദ്യാഭ്യാസമാര്‍ഗ്ഗത്തിലേയ്ക്കും, പരിഷ്‌കൃതമായ സമാജരംഗത്തേയ്ക്കും കൊണ്ടുവരിക അത്ര എളുമുള്ള കാര്യമല്ലായിരുന്നു. അന്നത്തെ ഹിന്ദുസ്ത്രീകള്‍ ''അടുക്കള സാമ്രാജ്യ''ത്തിലെ ചക്രവര്‍ത്തിനികളായിമാത്രം പരിലസിക്കയായിരുന്നു. അര്‍ദ്ധനഗ്നകളായ അവര്‍ക്കു മാറുമറച്ചു മനുഷ്യരെപ്പോലെ പൊതുരംഗത്തിറങ്ങാന്‍ ഒട്ടുംതന്നെ അനുവാദമില്ലായിരുന്നു. കുലീനങ്ങളെന്നുവച്ചിരിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ നാനാജാതിമതാവലംബികളുള്‍പ്പെട്ട പാഠശാലകളില്‍പോകാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. മാത്രമോ? സ്ത്രീകളെ ദുഷിപ്പിക്കാനുള്ള ഒരു നവീനോപായമാണ് വിദ്യാഭ്യാസമെന്നുകൂടി ജല്പിക്കാനും അന്നത്തെ മാമൂല്‍പ്രിയന്മാര്‍ മടിച്ചില്ല. ഇങ്ങനെയുള്ള അനേകം പ്രതികൂലപരിതഃസ്ഥിതിയെ അഭിമുഖീകരിച്ചുകൊണ്ടാണ് ശ്രീമതി ചിന്നമ്മ അവര്‍കള്‍ സമുദായസേവനമാരംഭിച്ചത്. ഇന്നത്തെപ്പോലെ, ഗതാഗതത്തിനുള്ള റോഡുകളോ വാഹനങ്ങളോ വേണ്ടവണ്ണം ഇല്ലാതെ കുന്നുംകുഴിയും കാടും മേടും ആറും തോടും കായലും നിറഞ്ഞ പതിനൊന്നു താലൂക്കുകളുള്‍പ്പെട്ട കോട്ടയം ഡിവിഷനിലാണ് ആ മഹതി ഇന്‍സ്‌പെക്ട്രസ് എന്നനിലയില്‍ തന്‍റെ പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ കരകളില്‍ച്ചെന്ന് അവിടത്തെ പൗരമുഖ്യാരെ വിളിച്ചുകൂട്ടി പാഠശാലകള്‍ സ്ഥാപിക്കാനും, പെണ്‍കുട്ടികളെ പള്ളിക്കൂടത്തില്‍ അയയ്ക്കാനും ആ മഹതി പ്രോത്സാഹിപ്പിച്ചു. തന്നെയുമല്ല, പ്രായംചെന്ന സ്ത്രീകളെക്കൂട്ടി സ്ത്രീസമാജങ്ങള്‍ രൂപീകരിക്കയും, ധാര്‍മ്മികമായ പ്രബോധനം അവര്‍ക്കു നല്കുകയും ചെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചതോറും ഹിന്ദുമതപാഠശാല നടത്തുന്നതിനു തന്‍റെ കീഴിലുള്ള ഹിന്ദുഅദ്ധ്യാപികമാരെ പ്രേരിപ്പിച്ചിരുന്നു. ഓരോ കരകളിലും പുരുഷസമാജമെന്നപോലെ സ്ത്രീസമാജവും കൂടാന്‍ അവര്‍ പരിശ്രമിക്കാതിരുന്നില്ല. അതിന്‍റെ ഫലമായി പല സ്ഥലങ്ങിലും സ്ത്രീസമാജങ്ങളും ഉയര്‍ന്നുവന്നു. ആ സമാജങ്ങളിലെല്ലാംപോയി സ്ത്രീധര്‍മ്മത്തെക്കുറിച്ചു പ്രസംഗിക്കുവാന്‍ സ്വാമിജി, ചിന്നമ്മയെ നിയോഗിച്ചിരുന്നു. ശീ വിവേകാനന്ദസ്വാമികളുടെ ആദര്‍ശങ്ങള്‍, സിസ്റ്റര്‍നിവേദിത പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നതുപോലെയാണ് ശ്രീചിന്നമ്മ ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ആദര്‍ശങ്ങളും ഉപദേശങ്ങളും പ്രായോഗികമാക്കിയിരുന്നത്. ആ മഹതിയുടെ നിഃസ്വാര്‍ത്ഥമായ ത്യാഗത്തിന്‍റെയും ലോകസേവനത്തിന്‍റെയും ഫലങ്ങള്‍ അനവധിയാണെങ്കിലും അവയില്‍വച്ചെല്ലാം പ്രാഥമ്യവും പ്രാധാന്യവും അര്‍ഹിക്കുന്നത് തിരുവനന്തപുരം പൂജപ്പുരയില്‍ സ്ഥാപിച്ചിട്ടുള്ള ഹിന്ദുമഹിളാമന്ദിരമാണ്. കൊല്ലവര്‍ഷം 1094 കന്നിമാസം 18ാം തീയതി രാവിലെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ പന്ത്രണ്ട് അനാഥബാലികമാരെച്ചേര്‍ത്ത് കേവലം ഒരു ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ''ശ്രീമൂലം ഷഷ്ട്യബ്ദപൂര്‍ത്തിസ്മാരക''മായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ആ മഹിളാമന്ദിരം ഇന്ന് കേരളത്തിലെ ഒരു വലിയ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള പരിശീലനരംഗമായിത്തീര്‍ന്നിരിക്കയാണ്. അതിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ തുടങ്ങി മറ്റനേകം സ്ഥാപനങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. അന്യരുടെ സുഖത്തില്‍ മൈത്രിയും, ദുഃഖത്തില്‍ കരുണയും, സത്പ്രവൃത്തിയില്‍ മുദിതയും, ദുഷ്പ്രവൃത്തിയില്‍ ഉപേക്ഷയും സിദ്ധവല്ക്കരിച്ച് മാതൃകായോഗ്യമായ ഒരു ജീവിതം നയിച്ച ആ ''അദ്ധ്യാത്മഭാരതി'' തീര്‍ത്ഥപാദപരമ്പരയില്‍ പ്രശസ്തയായ ഒരു യോഗിനി, ധീരയായ ഒരു വനിത, കേരള സ്ത്രീസമുദായത്തില്‍ വിപ്ലവകാരിണിയായ ഒരു സമുദായപരിഷ്‌കര്‍ത്ത്രി, അനാഥാലയത്തില്‍ കരുണാര്‍ദ്രചിത്തയായ ഒരു മാതാവ്, വിദ്യാലയത്തില്‍ ശ്രേയോമാര്‍ഗ്ഗദര്‍ശിനിയായ ഒരു അദ്ധ്യാപിക എന്നീ നിലകളിലെല്ലാം വിജയിച്ചുകൊണ്ടുതന്നെയിരുന്നു. പക്ഷേ, തന്‍റെ അഭിലാഷമനുസരിച്ച് മഹിളാമന്ദിരം ഉയരുന്നതിനുമുമ്പുതന്നെ ആ മഹതിക്ക് 106 മിഥുനമാസം 19ാം നു രാത്രിയില്‍ ഭൗതികശരീരം ഉപേക്ഷിക്കേണ്ടിവന്നു. നാം ഇന്നനുഭവിക്കുന്ന അനേകം സൌഭാഗ്യങ്ങള്‍ക്കു പിന്നില്‍ ഇത്തരം മഹദ്വ്യക്തികളുടെ നിസ്സ്വാര്‍ത്ഥമായ പ്രയത്നങ്ങള്‍ ഉണ്ട്. അനര്‍ഹാരായവരെ വാഴ്ത്തിപ്പാടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പുണ്യശാലികളെയും അവരുടെ പ്രവൃത്തികളെയും അറിയുവാനും ആദരിക്കുവാനും ഇനിയും വൈകാതെയിരിക്കട്ടെ. അവലംബം: ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ രചിച്ച ‘ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍’ എന്ന ജീവചരിത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൃത്യമായ രോഗ നിർണയം. ശാസ്ത്രീയമായ ഔഷധ നിർദേശം.